പാട്ട് കേള്‍ക്കാം

To listen you must install Flash Player.

2010 ജൂൺ 11, വെള്ളിയാഴ്‌ച

യാ അല്ലാഹ്!

യാ അല്ലാഹ്!
ബാല്യകാലം മുതൽ
ഓർമയുടെ ആദ്യ നിമിഷം മുതൽ
ഇന്നുവരെ, ജീവിതം
ചുട്ടുപഴുത്ത മരുഭൂവായിരുന്നു.
ചുവന്ന അസ്തമയ സൂര്യൻ,
എന്റെയൊപ്പം
പുലരി മുതൽ സഞ്ചരിച്ചു.
സന്ധ്യയായി.
സൂര്യനെ കാണുന്നില്ല
വിദൂരത്തൊരു ശശികല
മണൽ തണുത്തു.
മണലിൽ ആഞ്ഞു വീശിയ കാറ്റ്,
നിലംപതിച്ച ശിരോവസ്ത്രം പോലെ
ചലനമറ്റു കിടക്കുന്നു.
എന്റെ ധമനികളിൽ വീണ്ടും
രക്തപ്രവാഹം തുടങ്ങി.
കനമുള്ള മാറാപ്പുകൾ
പാടെ ഉപേക്ഷിച്ച്
ഞാൻ ചിരിക്കുന്നു.
മരുപ്പച്ച യിലേക്കുള്ള പ്രയാണം.
ഈന്തപ്പനകളും
ജലാശയങ്ങളും
നിറഞ്ഞ മരുപ്പച്ച.
അതല്ലേ അല്ലാഹുവിന്റെ ഗൃഹം?
അതല്ലേ സ്നേഹ സാമ്രാജ്യം?
ദാഹങ്ങൾ അവിടെ ശമിക്കുന്നു,
തീരാമോഹങ്ങൾ മായുന്നു,
അല്ലാഹുവിന്റെ മരുപ്പച്ച.
എനിക്ക് അഭയം തന്ന മരുപ്പച്ച.
---
അന്തരിച്ച പ്രശസ്ത്ര കവയിത്രി കമലാ സുരയ്യ യുടെ 'യാ അല്ലാഹ്' എന്ന കവിതാ സമാഹാരത്തിൽ നിന്ന്.
പൊലിഞ്ഞു പോയ ആ സ്നേഹ നക്ഷത്രത്തിന്റെ പാവന സ്മരണ പുതുക്കാൻ ഇതുപകരിക്കുമെങ്കിൽ!
വർഷങ്ങൾക്കു മുമ്പ് കൊച്ചിയിലെ കടവന്ത്രയിലെ ഫ്ലാറ്റിൽ ഒരിക്കൽ കാണാൻ ചെന്നപ്പോൾ സ്നേഹപൂർവ്വം സ്വീകരിച്ചിരുത്തി ഒരുപാട് സംസാരിച്ചു. ഒരു വല്ല്യമ്മയുടെ സ്നേഹം പകർന്നു കിട്ടിയ അനുഭൂതി. എല്ലാവരും മക്കളും പേരമക്കളുമായിരുന്നു ആ സ്നേഹനിധിക്ക്. ആ മനസ്സിന്റെ നിഷ്ക്കളങ്കത ഒരു പക്ഷെ ഒരു കൊച്ചു കുട്ടിയുടേതിനേക്കാൾ നിർമ്മലമായിരുന്നു.
അല്ലാഹുവുമായി ഇത്രത്തോളം ഹൃദയ ഭാഷണം നടത്തിയ ഒരു പ്രണയിനി ഇനി ലോകത്തുണ്ടാകുമോ?

അഭിപ്രായങ്ങളൊന്നുമില്ല: