പാട്ട് കേള്‍ക്കാം

To listen you must install Flash Player.

2011 ജൂലൈ 30, ശനിയാഴ്‌ച

പരിശുദ്ധ റമദാന്‍

“പുണ്യങ്ങളുടെ പൂക്കാലം" എന്നാണ് പരിശുദ്ധ റമദാ൯ മാസം അറിയപ്പെടുന്നത്. ഹിജ്റ കലണ്ടറിലെ ഒമ്പതാം മാസം. വ്രതാനുഷ്ഠാനമാണ് ഈ മാസത്തിലെ പ്രത്യേകത. ലോകത്തെമ്പാടുമുള്ള മുസ്ലിംകൾ ഈ മാസത്തിൽ നോമ്പനുഷ്ഠിക്കുന്നു. അന്ന പാനീയങ്ങളിൽ നിന്നും ദമ്പതികൾ ശാരീരിക ബന്ധത്തിൽ നിന്നും പകൽ സമയം അകന്നു നിൽക്കുന്നു. പഞ്ചേന്ദ്രിയങ്ങളേയും മനസ്സിനേയും അരുതായ്മകളിൽ നിന്നും തടഞ്ഞുനിർത്തുന്നു.

പ്രായപൂർത്തിയായ സ്ത്രീ പുരുഷന്മാർക്കാണ് നോമ്പ് നിർബന്ധം. ഖുർആൻ അതിപ്രകാരം വ്യക്തമാക്കുന്നു:

“വിശ്വസിച്ചവരേ, നിങ്ങൾക്ക് നോമ്പ് നിർബന്ധമാക്കിയിരിക്കുന്നു. നിങ്ങൾക്ക് മുമ്പുണ്ടായിരുന്നവർക്ക് നിര്ബന്ധമാക്കപ്പെട്ടതു പോലെതന്നെ. നിങ്ങൾ സൂക്ഷ്മതയുള്ളവരാകാ൯” [2:183]

എന്നാൽ രോഗികൾ, പ്രായാധിക്യം മൂലം അവശതയുള്ളവർ, എന്നിവർക്കു ഇളവുകളുണ്ട്. പാവപ്പെട്ടവർക്ക് അന്നം നൽകി അവർക്കതിന്റെ പുണ്യം നേടാം. യാത്രക്കാർക്ക് നോമ്പ് ഉപേക്ഷിക്കാമെങ്കിലും യാത്ര അവസാനിക്കുമ്പോൾ വിട്ടു പോയവ പൂർത്തിയാക്കണം. ഗർഭിണികൾക്കും ഇതു പോലെ മറ്റൊരവസരത്തിൽ നോറ്റു വീട്ടാവുന്നതാണ്.

പുലർച്ചെ സുബ്ഹി ബാങ്കോട് കൂടി തുടങ്ങുന്ന നോമ്പ് വൈകുന്നേരം മഗ്രിബ് ബാങ്കോടുകൂടി അവസാനിക്കുന്നു. ഇസ്ലാം മത വിശ്വാസികൾ സൽക്കർമ്മങ്ങളിലൂടെ പുണ്യങ്ങൾ വാരിക്കൂട്ടുന്ന മാസമാണ് റമദാ൯. മതപരമായ ഭാഷയിൽ പറഞ്ഞാൽ പിശാചുക്കളെ ചങ്ങലക്കിടുന്ന മാസം. തെറ്റാണെന്ന് തോന്നുന്ന ചെറിയ കാര്യങ്ങളിൽ നിന്ന് പോലും പൊതുവേ വിശ്വാസികൾ വിട്ടു നിൽക്കുന്നു. ഈ മാസത്തിന്റെ പവിത്രത മാനിച്ചാണ് അങ്ങനെ ചെയ്യുന്നത്. തെറ്റായും വാക്കും പ്രവർത്തിയും അവർ വെടിയുന്നു. കളി തമാശകളിൽ നിന്നും അകന്നു നിൽക്കുന്നു.

എന്താണ് റമദാ൯ മാസത്തിനു ഇത്രയേറെ പവിത്രത കൈവരാൻ കാരണം? സ്വാഭാവികമായ ഒരു ചോദ്യം തന്നെ. ഉത്തരം ഇങ്ങനെ: ലോകത്തെമ്പാടുമുള്ള മനുഷ്യർക്ക് മാർഗ്ഗദർശകമായി വിശുദ്ധ ഖു൪ആ൯ അവതരിപ്പിക്കപെട്ട മാസം കൂടിയാണ് റമദാ൯. ആയിരത്തി നാന്നൂറിലേറെ വർഷങ്ങൾക്ക് മുമ്പ് അറേബ്യയിലെ ജനശൂന്യമായ ഒരു പ്രദേശത്ത് ഒരു മലയുടെ മുകളിൽ "ഹിറ" എന്ന ഗുഹയിൽ ധ്യാന നിരതനായി ഇരിക്കുകയായിരുന്ന മുഹമ്മദിനു മുമ്പാകെ ‘ജിബ്രീൽ' എന്ന മാലാഖ പ്രത്യക്ഷപ്പെടുകയും, "വായിക്കുക, നിന്നെ സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തിൽ.." എന്ന ഖു൪ആനിലെ ഏതാനും സൂക്തങ്ങൾ അവതരിക്കുകയും ചെയ്തു.

മക്കയിലെ കൊച്ചു സമൂഹത്തിന്നിടയിൽ വിശ്വസ്തതക്കും സ്വഭാവ വിശുദ്ധിക്കും പേരുകേട്ട അതുല്യ വ്യക്തിത്വമായിരുന്നു മുഹമ്മദിന്റേത്. ആയതിനാൽ മക്ക നിവാസികൾ മുഹമ്മദിനെ "അൽ അമീൻ" (വിശ്വസ്തൻ) എന്ന അപര നാമത്തിലായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. അറേബ്യൻ സമൂഹത്തിൽ നടമാടിയിരുന്ന സാമൂഹ്യ തിന്മകളിൽ മനം നൊന്ത് അവരെ നേർവഴിക്ക് നയിക്കാൻ മാർഗം തേടുകയായിരുന്ന മുഹമ്മദിനെ അക്ഷരാർഥത്തിൽ പ്രപഞ്ച സ്രഷ്ടാവായ ദൈവം തന്റെ ദൂതനായി തെരഞ്ഞെടുക്കുകയായിരുന്നു. തുടർന്നങ്ങോട്ടുള്ള ഇരുപത്തി മൂന്നു വർഷക്കാലം മുഹമ്മദ് നബി (സ) മക്കയിലും മദീനയിലും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും ഏക ദൈവ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു. ധാരാളം പേർ ആ വിശുദ്ധ സന്ദേശത്തിൽ ആകൃഷ്ടരായി ജീവിത വിശുദ്ധി കൈവരിച്ചു. അതിലേറെ പേർ എതിർപ്പുമായി രംഗത്ത് വന്നു. എന്നാൽ കേവലം ഇരുപത്തി മൂന്നു വർഷക്കാലം കൊണ്ട് അറേബ്യ ഇസ്ലാമിന്റെ സമാ ധാന സന്ദേശത്തിലേക്ക് തിരിച്ചു വന്നു.

ഖുർആൻ അവതരണത്തിന്റെ ഒരു വാർഷികം കൂടിയാണ് റമദാ൯. ആയതിനാൽ റമദാനിൽ വിശ്വാസികൾ വിശുദ്ധ ഖുർആൻ ധാരാളം പാരായണം ചെയ്യുന്നു. 114 അധ്യായങ്ങളും അറുനൂറിലേറെ പേജുകളുമുള്ള ഖുർആൻ റമദാനിൽ ഒരു തവണയെങ്കിലും പൂർണ്ണമായും പാരായണം ചെയ്യണമെന്നതാണ് ഓരോ വിശ്വാസിയുടെയും ആഗ്രഹം. ചിലർ രണ്ടും മൂന്നും തവണ പാരായണം പൂർത്തിയാക്കുന്നു. അ൪ത്ഥസഹിതമാകുമ്പോൾ അതിൽ പ്രയോജനം ഏറെയുണ്ട്. റമദാനിൽ പള്ളികൾ നിറഞ്ഞു കവിയുന്നു. ദിവസത്തിൽ അഞ്ചു തവണ നമസ്കരിക്കാത്തവർ പോലും റമദാനിൽ കൃത്യതയോടെ അത് ചെയ്യുന്നതായി കാണാം.
രാത്രി കാലങ്ങളിൽ പള്ളിയിൽ നടക്കുന്ന പ്രത്യേക ദീർഘനേര നമസ്കാരമാണ് റമദാനിലെ ഒരു സവിശേഷത. ‘തറാവീഹ്’ എന്നാണിതറിയപ്പെടുന്നത്. സ്ത്രീകളും കുട്ടികളും അടക്കം ഈ പ്രത്യേക നമസ്കാരത്തിൽ പങ്കു കൊള്ളുന്നു. കഴിഞ്ഞു പോയ പാപങ്ങൾ മുഴുവൻ പൊറുക്കപ്പെടുമെന്നത് ഈ 'തറാവീഹ്' നമസ്കാരത്തിന്റെ ഗുണവിശേഷം കൂടിയാണ്. ആയതിനാൽ ഈ വിശിഷ്ട നമസ്കാരത്തിനായി എല്ലാവരും പള്ളികളിൽ നേരത്തെ എത്തിച്ചേരുന്നു.
നോമ്പ്തുറകളാണ് റമദാനിലെ ആകർഷണീയമായ മറ്റൊരു കാഴ്ച. വ്യക്തികളും കുടുംബങ്ങളും പരസ്പരം നോമ്പ് തുറപ്പിക്കുന്നു. മത ജാതി വ്യത്യാസമില്ലാതെ ധാരാളം ആളുകൾ നോമ്പ് തുറകളിൽ പങ്കെടുക്കുന്നു. മത വിശ്വാസികൾ തമ്മിലുള്ള പരസ്പര ബന്ധം ഊട്ടിയുറപ്പിക്കാൻ റമദാനിലെ നോമ്പ് തുറകൾ വേദിയാകാറുണ്ട്. അത് തന്നെയാണ് വിശ്വാസം വഴി നമുക്കുണ്ടാവേണ്ടതും.
സകാത്ത് സംഭരണവും വിതരണവും റമദാനിൽ നടക്കുന്ന മറ്റൊരു പുണ്യ പ്രവൃത്തിയാണ്. സമ്പന്നരിൽ നിന്നും പാവപ്പെട്ടവനിലേക്ക് ഒഴുകേണ്ട ധനമാണ് സകാത്ത്. ഇസ്ലാം
അത് നിർബന്ധമാക്കിയിരിക്കുന്നു. ‘സംസ്കരണം’, ‘വളർച്ച’ എന്നൊക്കെയാണ് 'സക്കാത്ത്' എന്ന അറബി പദത്തിനർഥം. സക്കാത്ത് നൽകുന്ന ഒരാൾ സ്വന്തം ധനത്തെ സംസ്കരിക്കുന്നു എന്നതാണ് അതിനു കാരണം, അതു വഴി സമ്പത്ത് ക്ഷയിക്കുകയില്ലെന്നും അധികരിക്കുമെന്നും ഇസ്ലാം പഠിപ്പിക്കുന്നു.

ഒരാൾക്ക് തന്റെ അടിസ്ഥാനാവശ്യങ്ങൾ കഴിച്ച് മിച്ചം വരുന്ന സംഖ്യ 85 ഗ്രാം സ്വർണ്ണത്തിന്റെ തുല്യമായ തുകയുണ്ടെങ്കിൽ അയാൾ അതിന്റെ 2.5 ശതമാനം സകാത്ത് കൊടുത്തിരിക്കണം. എങ്കിലേ അയാളുടെ സമ്പത്ത് ശുദ്ധീകരിക്കപ്പെടുകയുള്ളൂ. പാവപ്പെട്ടവന്റെ അവകാശം അയാളുടെ ധനത്തിൽ കലർന്നിരിക്കുന്നേടത്തോളം അത് മലിനപ്പെട്ടിരിക്കും. എത്രയും വേഗം അത് കൊടുത്തു വീട്ടുകയാണ് വേണ്ടത്.
റമദാനിലെ മുപ്പതു ദിവസങ്ങളെ മൂന്നായി ഭാഗിച്ചിരിക്കുന്നു. ആദ്യ പത്ത് കാരുണ്യത്തിന്റേത്, രണ്ടാമത്തെ പത്ത് പാപ മോചനത്തിന്റേത് അവസാന പത്ത് നരക ശിക്ഷയിൽ നിന്നുള്ള മോചനത്തിന്റേത്. ഓരോ പത്തിലും പ്രത്യേക പ്രാർഥനകൾ പഠിപ്പിക്കപ്പെട്ടിരിക്കുന്നു. അവസാനത്തെ പത്തിൽ ഒറ്റയായി വരുന്ന രാത്രികളിൽ ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ള ഒരു രാത്രിയുണ്ട്. 'ലൈലത്തുൽ ഖദ്ർ' (വിധി നിർണയ രാത്രി) എന്നാണ് അതറിയപ്പെടുന്നത്. അതിന്റെ പുണ്യം ലഭിക്കാനായി വിശ്വാസികൾ അവസാന പത്തിൽ പള്ളികളിൽ ഭജനമിരിക്കുന്നു. ഇങ്ങനെയിരിക്കുന്നവർ അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടിയല്ലാതെ പുറത്ത് പോകാവതല്ല.
റമദാനിന്റെ പരിസമാപ്തി കുറിച്ചു കൊണ്ടുള്ള ആഘോഷമാണ് ഈദുൽ ഫിത്ർ അഥവാ ചെറിയ പെരുന്നാൾ. പെരുന്നാളിൽ പുതു വസ്ത്രങ്ങളണിഞ്ഞു കൊച്ചു കുട്ടികൾ പൂമ്പാറ്റകളെ പോലെ പാറി നടക്കുന്നത് കൌതുകമുള്ള കാഴ്ച തന്നെയാണ്. പ്രവാസികളായ നമുക്ക് നഷ്ടപ്പെടുന്നതും ഇത്തരം സന്തോഷത്തിന്റെ അനിർവചനീയമായ നിമിഷങ്ങളാണ്.
നമ്മുടെ വാതിൽപടിയിലെത്തിനിൽക്കുന്ന പരിശുദ്ധ റമദാനെ നമുക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യാം. റമദാനിന്റെ പൂർണ്ണ ചൈതന്യം ലഭിക്കുന്ന സൗഭാഗ്യവാന്മാരിൽ ഉൾപ്പെടാൻ നമുക്ക് പ്രാർഥിക്കാം. മതഭേദമന്യേ സുഹൃത്തുക്കളെ നോമ്പ് തുറയിലേക്ക് ക്ഷണിക്കുക. സ്നേഹത്തിന്റേയും സൌഹൃദത്തിന്റേയും പൂക്കാലം കൂടിയാകട്ടെ റമദാൻ.

2010 നവംബർ 20, ശനിയാഴ്‌ച

"ബലന്‍സ്, ബലന്‍സ്.."

"ബലന്‍സ്, ബലന്‍സ്.."
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അങ്ങേയറ്റം പ്രയാസപ്പെടുന്നവരാണ് നമ്മിലേറെ പേരും. ഇങ്ങ് മരുഭൂമിയില്‍ ഇതിനു തീക്ഷ്ണത കൂടുതലുമാണ്. ജനിച്ചു വളര്‍ന്ന നാടും മണ്ണും വിട്ടു മൈലുകളോളം പറന്നു തികച്ചും വ്യത്യസ്തമായ ഭാഷയും സംസ്കാരവും നിറഞ്ഞു നില്‍ക്കുന്ന പ്രവാസ മരുഭൂമിയില്‍ അധ്വാനിക്കുക എന്നത് അല്പം അദ്ധ്വാനമുള്ള പണി തന്നെ. സ്വന്തമെന്നു പറയുന്ന സകലതില്‍ നിന്നും അകന്നു നില്‍കേണ്ടി വരുമ്പോഴുള്ള മനസ്സിന്റെ തിളച്ചു മറിയല്‍ പറഞ്ഞറിയിക്കാനാകാത്തതാണ്. പണ്ടാരോ പറഞ്ഞപോലെ പിന്നെ എല്ലാം ശീലമായിക്കോളും!
ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് ഇവിടെ ഷാര്‍ജയില്‍ പുതിയതായി കണ്ട് വരുന്ന ഒരു സ്വയം തൊഴിലിനെ കുറിച്ചാണ്. പല യുവാക്കളും (മലയാളികള്‍ ഇല്ല)ഇതില്‍ സജീവമായി രംഗത്തുണ്ട്. കാര്യം വളരെ ലളിതം. മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ പത്ത് ശതമാനം വരെ അധികം ലഭിക്കല്‍ എപ്പോഴും ഉള്ള ഒരു ഓഫര്‍ ആണ്. അതായത് നൂറു ദിര്‍ഹം കാര്‍ഡ് വാങ്ങിയാല്‍ നൂറ്റിപ്പത്ത് ദിര്‍ഹം കിട്ടും. ആയിരമാകുമ്പോള്‍ എത്രയെന്നു ഞാന്‍ പറയേണ്ടതില്ലല്ലോ. ഇനിയാണ് ബിസിനസ്‌. അധികം ലഭിക്കുന്ന സംഖ്യ പലര്‍ക്കും ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്ത് കാശ് വാങ്ങിക്കും. സാധാരണക്കാരാണ് സ്ഥിരം ആവശ്യക്കാര്‍. മിനിമം റീചാര്‍ജ് തുകയായ ഇരുപത് ദിര്‍ഹം ചെലവഴിക്കാന്‍ ഇല്ലാത്ത എല്ലാവരും ഇവരുടെ അടുത്ത ചെന്ന് അഞ്ചും പത്തും ദിര്‍ഹം നല്‍കി ക്രെഡിറ്റ്‌ വാങ്ങിക്കും. അങ്ങാടിയിലെ മുക്കിലും മൂലയിലും പോസ്റ്റുകള്‍ ചാരി നിന്ന് ഇവര്‍ പതിഞ്ഞ സ്വരത്തില്‍ വിളിച്ചു കൊണ്ടിരിക്കും, "ബലന്‍സ്, ബലന്‍സ്..". (ബാലന്‍സ് ട്രാന്‍സ്ഫര്‍) - നോ കമ്മന്‍സ്!

2010 ജൂൺ 14, തിങ്കളാഴ്‌ച

ഖുര്‍ആന്റെ താക്കീത്

"...സത്യത്തെ മിഥ്യയുടെ ചായംതേച്ച് സംശയാസ്പദമാക്കാതിരിക്കുക. ബോധപൂര്‍വം സത്യത്തെ ഒളിച്ചുവെക്കാതിരിക്കുക..." [ഖുര്‍ആന്‍:2:40-46]


Notes:
മുഹമ്മദ് നബി (സ) ഉന്നയിക്കുന്ന `തൌഹീദ്` അബദ്ധമാണെന്നോ, പ്രവാചകന്മാര്‍, ദിവ്യഗ്രന്ഥങ്ങള്‍, മലക്കുകള്‍, പരലോകം എന്നിവയെക്കുറിച്ച് തിരുമേനി നല്‍കുന്ന വിവരണങ്ങള്‍ തെറ്റാണെന്നോ, അവിടുന്ന് പഠിപ്പിക്കുന്ന ധാര്‍മിക-സദാചാര സിദ്ധാന്തങ്ങള്‍ ശരിയല്ലെന്നോ പറയുക അവര്‍ക്ക് [മദീനയിലെ ജൂത പണ്ടിതന്മാര്‍ക്ക്] വിഷമമായിരുന്നു. അതേയവസരത്തില്‍ തിരുമേനി പറയുന്നതെല്ലാം സത്യമാണെന്ന പരമാര്‍ഥം തുറന്നങ്ങ് സമ്മതിക്കുവാനും അവര്‍ ഒരുക്കമായിരുന്നില്ല. സത്യത്തെ പരസ്യമായി നിഷേധിക്കുവാനോ പരസ്യമായി സമ്മതിക്കുവാനോ സാധ്യമല്ലാതിരുന്നതുകൊണ്ട് ഈ രണ്ട് മാര്‍ഗങ്ങള്‍ക്കും മധ്യേ മൂന്നാമതൊരു മാര്‍ഗമാണ് അവര്‍ അവലംബിച്ചത്. അതായത്, തിരുമേനിക്കും അദ്ദേഹത്തിന്റെ സംഘടനക്കും ദൌത്യത്തിനുമെതിരില്‍ വിവിധ തരത്തിലുള്ള സംശയാശങ്കകള്‍ ചോദ്യകര്‍ത്താക്കളുടെ ഹൃദയത്തില്‍ വേരുറപ്പിക്കുവാന്‍ അവര്‍ ശ്രമിച്ചു. തെറ്റായ പല ആരോപണങ്ങളും തിരുമേനിയുടെ മേല്‍ അവര്‍ വെച്ചുകെട്ടി. ജനങ്ങള്‍ സന്ദേഹത്തിലും ആശയക്കുഴപ്പത്തിലും കുടുങ്ങിപ്പോകത്തക്ക പല പൊടിക്കൈകളും അവര്‍ പ്രയോഗിച്ചു. പൊതുജനങ്ങള്‍ സ്വയം കെട്ടിപ്പിണയുവാനും തിരുമേനിയെയും അനുയായികളെയും കെട്ടിപ്പിണയ്ക്കുവാനും ഉദ്ദേശിച്ചുകൊണ്ട് കുഴപ്പങ്ങള്‍ക്ക് വിത്തുപാകുന്ന പല അനാവശ്യ ചോദ്യങ്ങളും അവര്‍ തൊടുത്തുവിട്ടു. അവര്‍ സ്വീകരിച്ച ഈ തെറ്റായ നയം കാരണമായിട്ടാണ്, സത്യത്തെ മിഥ്യയോടു കലര്‍ത്തരുത്; അഥവാ സത്യത്തിന്മേല്‍ അസത്യത്തിന്റെ തിരശ്ശീലയിടുവാന്‍ ശ്രമിക്കരുത് എന്ന് അവരോട് പറയുന്നത്. തങ്ങളുടെ കള്ളപ്രചാരവേലകളും ദുരുദ്ദേശ്യപൂര്‍ണമായ ചോദ്യങ്ങളും സംശയപ്രകടനങ്ങളും വഴി സത്യത്തെ മറച്ചുവെക്കുവാനും സത്യാസത്യങ്ങള്‍ കൂട്ടിക്കലര്‍ത്തി ലോകത്തെ വഞ്ചിക്കുവാനും അവര്‍ നടത്തിയിരുന്ന നിന്ദാവഹങ്ങളായ ശ്രമങ്ങളെയാണിവിടെ ആക്ഷേപിക്കുന്നത്.

വാലറ്റം:
ആധുനിക കാലഘട്ടത്തിലും സത്യത്തിനെതിരില്‍ വ്യാജ പ്രചാരണങ്ങളുമായി രംഗത്ത് വരുന്നവരെ ഈ സൂക്തം താക്കീത് ചെയ്യുന്നു. അവര്‍ എത്ര ദീനി പരിവേഷ മുള്ളവരായാലും ശരി.

നിങ്ങള്‍ അല്ലാഹുവിനെ നിഷേധിക്കുന്നതെങ്ങനെ?

"..നിങ്ങള്‍ അല്ലാഹുവിനെ നിഷേധിക്കുന്നതെങ്ങനെ? നിര്‍ജീവരായിരുന്ന നിങ്ങള്‍ക്കവന്‍ ജീവന്‍ തന്നു. പിന്നീട് അവന്‍തന്നെ നിങ്ങളെ മരിപ്പിക്കുകയും പിന്നേയും ജീവിപ്പിക്കുകയും ചെയ്യുന്നു. അനന്തരം അവങ്കലേക്കുതന്നെ നിങ്ങള്‍ തിരിച്ചയക്കപ്പെടുന്നതുമാകുന്നു. ഭുവനത്തിലുള്ളതെല്ലാം നിങ്ങള്‍ക്കുവേണ്ടി സൃഷ്ടിച്ചുവച്ചത് അവനാകുന്നു. എന്നിട്ടവന്‍ ഉപരിലോകത്തിലേക്ക് തിരിഞ്ഞു. അതിനെ സപ്തവാനങ്ങളായി സംവിധാനിച്ചു. അവന്‍ സര്‍വസംഭവങ്ങളും അറിയുന്നവനത്രെ.." (2: 28-29)

Notes: ഈ വാക്യത്തില്‍ രണ്ടു പ്രധാന യാഥാര്‍ഥ്യങ്ങള്‍ ഉദ്ബോധിപ്പിക്കപ്പെട്ടിരിക്കുന്നു. ഒന്ന്, യാതൊന്നും മറഞ്ഞുനില്‍ക്കാതെ നിങ്ങളുടെ എല്ലാ ചലനങ്ങളും സൂക്ഷ്മമായി അറിയുന്നവനായ അല്ലാഹുവിനെതിരില്‍ നിഷേധത്തിന്റെയും നിയമലംഘനത്തിന്റെയും നയം കൈക്കൊള്ളുവാന്‍ നിങ്ങളെങ്ങനെയാണ് ധൈര്യപ്പെടുന്നത്? രണ്ട്, സമസ്ത യാഥാര്‍ഥ്യങ്ങളും അറിയുന്ന, ജ്ഞാനത്തിന്റെ ഉറവിടമായ അല്ലാഹുവില്‍ നിന്ന് മുഖംതിരിച്ചതുകൊണ്ട് നിങ്ങള്‍ അജ്ഞതാന്ധകാരങ്ങളില്‍ അലഞ്ഞുതിരിയുകയല്ലാതെ മറ്റെന്തു പ്രയോജനമാണുള്ളത്? അവനല്ലാതെ ജ്ഞാനത്തിനു മറ്റൊരുറവിടമില്ലെങ്കില്‍, ജീവിതമാര്‍ഗം വ്യക്തമായി കാണിച്ചുതരുന്ന പ്രകാശം അവങ്കല്‍നിന്നല്ലാതെ ലഭിക്കുക സാധ്യമല്ലെങ്കില്‍ പിന്നെ അവനില്‍ നിന്നു പിന്തിരിഞ്ഞുകളയുന്നതില്‍ എന്തു ലാഭമാണ് നിങ്ങള്‍ കാണുന്നത്?

2010 ജൂൺ 12, ശനിയാഴ്‌ച

ദൈവം

സത്യദൈവം, സാക്ഷാല്‍ദൈവം, പരമേശ്വരന്‍ എന്നിവക്കുള്ള അറബി നാമമാണ് 'അല്ലാഹു'. ഇസ്ലാം ഏറ്റവും പൂര്‍ണവും വിശിഷ്ടവുമായ ദൈവനാമമായി സ്വീകരിച്ചിട്ടുള്ളത് 'അല്ലാഹു'വിനെയാണ്. ഈ പദത്തിന് ബഹുവചനമോ ലിംഗഭേദമോ ഇല്ല. സാക്ഷാല്‍ ദൈവത്തെക്കുറിക്കാനല്ലാതെ മറ്റൊന്നിനും ഈ പദം ഉപയോഗിക്കാറുമില്ല. ഇസ്ലാമില്‍ ദൈവത്തിന് മറ്റനേകം നാമങ്ങള്‍കൂടി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയെല്ലാം ഗുണനാമങ്ങളാണ്. മറ്റു പലതിനും ഉപയോഗിച്ചു വരുന്നതാണിവ. അവക്ക് ബഹുവചനവും ലിംഗഭേദവും ഉണ്ട്. ഉദാ: റബ്ബ്, റഹ്മാന്‍, കരീം (നാഥന്‍, കാരുണികന്‍, ഉന്നതന്‍).
അനറബി ഭാഷകളില്‍ 'അല്ലാഹു'വിന് സമാനമായ ഒറ്റപദം സുപരിചിതമല്ലാത്തതിനാല്‍ അറബികളല്ലാത്ത മുസ്ലിംകളും ദൈവത്തെ അവന്റെ ഏറ്റം വിശിഷ്ട നാമമായ 'അല്ലാഹു' എന്നുതന്നെ വിളിച്ചുവരുന്നു. അല്ലാഹു ഇസ്ലാംമതം അവതരിപ്പിക്കുന്ന ഒരു പ്രത്യേക ദൈവമാണെന്നും മുസ്ലിംകളുടെ മാത്രം ആരാധ്യനാണെന്നും ചിലര്‍ തെറ്റായി മനസ്സിലാക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ പ്രപഞ്ചത്തിന്റെ മുഴുവന്‍ ദൈവമാണ് അല്ലാഹു. സാക്ഷാല്‍ ദൈവം എന്ന അര്‍ഥത്തില്‍ എല്ലാ മതക്കാരും അറബിഭാഷയില്‍ അല്ലാഹു എന്ന പദം തന്നെയാണ് ഉപയോ ഗിക്കുന്നത്. ബൈബിളിന്റെ അറബി തര്‍ജമകള്‍ 'യഹോവ' എന്ന പദത്തിനുപകരം ഉപയോഗിക്കുന്നത് 'അല്ലാഹു' എന്നാണ്. ഇസ്ലാമിന് മുമ്പ് അറേബ്യയിലെ ബഹുദൈവവിശ്വാസികള്‍ എല്ലാ ദൈവങ്ങള്‍ക്കും മീതെ ഒരു പരമേശ്വരന്‍ ഉള്ളതായി വിശ്വസിച്ചിരുന്നു. ആ പരമേശ്വരനെ അവര്‍ വിളിച്ചിരുന്നതും അല്ലാഹു എന്നാണ്.

ഈ പ്രപഞ്ചത്തിനു പിന്നില്‍ അതിനെ സൃഷ്ടിച്ചു പരിപാലിക്കുന്ന ഒരു മഹാശക്തിയുണ്ട്. അവനാണ് സാക്ഷാല്‍ ദൈവം. ഇസ്ലാമിന്റെ ഭാഷയില്‍ അല്ലാഹു. അവന്‍ അദൃശ്യനും അത്യുന്നതനും അതുല്യനുമാകുന്നു. "അവനെപ്പോലെ യാതൊന്നുമില്ല'' (ഖുര്‍ആന്‍ 42: 11). "കണ്ണുകള്‍ അവനെ കാണുന്നില്ല. കണ്ണുകളെ അവന്‍ കാണുന്നു'' (6: 103). "അവന്‍ അത്യുന്നതനും അതിഗംഭീരനുമാകുന്നു' (2: 255).

മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ക്ക് ഗോചരമാകുന്ന സകലത്തില്‍നിന്നും ഭിന്നമാകയാല്‍ മനുഷ്യന് അവന്റെ രൂപം സങ്കല്‍പ്പിക്കാനാവില്ല. മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്‍ രൂപരഹിതമാകുന്നു. അതിനാല്‍ അവന്റെ ചിത്രമെഴുതാനോ പ്രതിമയുണ്ടണ്ടാക്കാനോ കഴിയില്ല; പാടില്ല. മനുഷ്യന്‍ അവന്റെ പേരില്‍ ഉണ്ടാക്കുന്ന ചിത്രങ്ങളും പ്രതിമകളുമൊന്നും അവന്റെതാവുകയുമില്ല. പ്രപഞ്ചത്തിനു പിന്നില്‍ ഇങ്ങനെയൊരു അദൃശ്യഹസ്തം പ്രവര്‍ത്തിക്കുന്നുവെന്നതിന് തെളിവായി ഇസ്ലാം ചൂണ്ടിക്കാണിക്കുന്നത് ഈ ഭൌതികപ്രപഞ്ചത്തെ തന്നെയാണ്. പ്രപഞ്ചത്തിന്റെ വൈപുല്യം, ഗാംഭീര്യം, അതിന്റെ വൈവിധ്യമാര്‍ന്ന ഘടകങ്ങള്‍ തമ്മിലുള്ള രഞ്ജിപ്പ്, പരസ്പരപൂരകത്വം, യുക്തിയുക്തത, ലക്ഷ്യോന്മുഖത തുടങ്ങിയവയെല്ലാം അതിന്റെ പിന്നില്‍ സര്‍വശക്തവും സര്‍വജ്ഞവുമായ ഒരസ്തിത്വത്തിന്റെ ആസൂത്രണപാടവവും നിര്‍മാണവൈഭവവും വിളിച്ചറിയിക്കുന്നു. പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍ ചൂണ്ടികാണിച്ചുതരുന്ന ആ അദൃശ്യസാനിദ്ധ്യമാണ് അല്ലാഹു.
കണിശമായ വ്യവസ്ഥകളനുസരിച്ച്, കടുകിടതെറ്റാതെ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചമാകുന്ന ഈ തൊഴില്‍ശാല, അതിനുപിന്നില്‍ ഒരു ഈശ്വരനുണ്ടെന്നു മാത്രമല്ല വിളിച്ചോതുന്നത്; പ്രത്യുത ആ ഈശ്വരന്‍ ഏകനും അഖണ്ഡനും അവിഭാജ്യനും അനാദിയും അനന്തനുമാണെന്നുകൂടി അസന്നിഗ്ധമായി വിളിച്ചോതുന്നു. ഒന്നിലധികം ഈശ്വരന്മാര്‍ക്ക് ഈ മഹാപ്രപഞ്ചത്തെ ഇത്ര കൃത്യമായ നിയമങ്ങളനുസരിച്ച് പ്രവര്‍ത്തിപ്പിച്ചുകൊണ്ട് ഇത്ര ഭദ്രമായി നിലനിര്‍ത്തി കൊണ്ടു പോകാനാവില്ല. ഖുര്‍ആനിലൂടെ ദൈവം പറയുന്നു: 'ഭൂമിയിലും ഉപരിലോകങ്ങളിലും പല ദൈവങ്ങളുണ്ടായിരുന്നുവെങ്കില്‍ അവ എന്നേ നശിച്ചുപോയിട്ടുണ്ടാകുമായിരുന്നു.'(21:22)"ബഹുദൈവവിശ്വാസികള്‍ വാദിക്കുന്നതു പോലെ അല്ലാഹുവിന്റെ കൂടെ വേറെയും ദെവങ്ങളുണ്ടായിരുന്നുവെങ്കില്‍ അവരെല്ലാവരും പരമാധികാരപീഠത്തിലെത്താന്‍ മത്സരിക്കുമായിരുന്നു.' (17:42) അല്ലാഹുവില്‍-സാക്ഷാല്‍ ദൈവത്തിലുള്ള വിശ്വാസത്തിന്റെ അനിവാര്യഘടകമാണ് ദൈവത്തിന്റെ ഏകത്വത്തിലുള്ള വിശ്വാസം. ദൈവാസ്തിക്യത്തെ നിഷേധിക്കുന്നതും പല ദൈവങ്ങളുടെ ആസ്തിക്യം അംഗീകരിക്കുന്നതും ഇസ്ലാമിന്റെ ദൃഷ്ടിയില്‍ ഏതാണ്ട് ഒരുപോലെയാണ്. രണ്ടുകൂട്ടരും യഥാര്‍ത്ഥദൈവത്തെ നിഷേധിക്കുകയാണ്.

ഏകനായ അല്ലാഹു സര്‍വസല്‍ഗുണസമ്പൂര്‍ണനാകുന്നു. വിശിഷ്ട ഗുണങ്ങളെല്ലാം അവയുടെ കേവലമായ അവസ്ഥയില്‍ അവനില്‍ സമ്മേളിച്ചിരിക്കുന്നു. യാതൊരു തരത്തിലുള്ള ന്യൂനതയും അവനെ സ്പര്‍ശിക്കുന്നില്ല. "അവനാണ് അല്ലാഹു.അവനല്ലാതെ ദൈവമില്ല. കാണുന്നതും കാണാത്തതും അറിയുന്നവനാണവന്‍. അവന്‍ ദയാപരനും കരുണാമയനുമാണ്. അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല,രാജാധിരാജന്‍; പരമപവിത്രന്‍, സമാധാന ദായകന്‍, അഭയദാതാവ്, മേല്‍നോട്ടക്കാരന്‍,അജയ്യന്‍, പരമാധികാരി, സര്‍വ്വോന്നതന്‍, എല്ലാം അവന്‍ തന്നെ. ജനം പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു ഏറെ പരിശുദ്ധനാണ്. അവനാണ് അല്ലാഹു. സ്രഷ്ടാവും രൂപരചയിതാവും അവന്‍ തന്നെ. വിശിഷ്ടനാമങ്ങളൊക്കെയും അവന്നുള്ളതാണ്. ആകാശഭൂമികളിലുള്ളവയെല്ലാം അവന്റെ മഹത്വം കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവനാണ് അജയ്യനും യുക്തിജ്ഞനും (59: 22-24)

ജ്ഞാനം, ശക്തി, അധികാരം, കാരുണ്യം, നീതി തുടങ്ങിയവ അല്ലാഹുവിന്റെ മുഖ്യഗുണങ്ങളാണ്. എല്ലാ സംഗതികളിലും ത്രികാലജ്ഞനാണല്ലാഹു. അവനറിയാതെ പ്രപഞ്ചത്തില്‍ ഒരിലയനങ്ങുക പോലും ചെയ്യുന്നില്ല. സൃഷ്ടികള്‍ രഹസ്യമായും പരസ്യമായും പ്രവര്‍ത്തിക്കുന്നതുമാത്രമല്ല, അവരുടെ ഹൃദയങ്ങളിലുണരുന്ന വിചാര വികാരങ്ങള്‍ പോലും അവന്‍ അറിയുന്നു. അറിവ് മാത്രമല്ല, അറിവനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള കഴിവും അധികാരവും കൂടി അവനുണ്ട്. അവന്‍ ഇഛിക്കുന്നത് സംഭവിക്കട്ടെ എന്നുകല്‍പിക്കുകയേ വേണ്ടൂ. അത് സംഭവിക്കുകയായി. പ്രപഞ്ചത്തെ സൃഷ്ടിച്ചുവിട്ട് മാറിനില്‍ക്കുകയല്ല അവന്‍; എല്ലാം നേരിട്ട് നിയന്ത്രിച്ചു കൊണ്ടിരിക്കുകയാണ്. പ്രപഞ്ചത്തില്‍ അവനിഛിച്ചതു മാത്രം നടക്കുന്നു. അവനാണ് സകല സൃഷ്ടികളുടേയും രാജാവും നിയമശാസകനും. അവന് ആരുടെ മുമ്പിലും കണക്ക് ബോധിപ്പിക്കേണ്ടതില്ല. എല്ലാവരും അവന്റെ മുമ്പില്‍ കണക്കു ബോധിപ്പിക്കണം.

പരമദയാലുവും പരമകാരുണികനുമാണ് അല്ലാഹു.പരമദയാലു, പരമകാരുണികന്‍ എന്നിവ 'അല്ലാഹ'വിനു ശേഷമുള്ള ഏറ്റവും വിശിഷ്ടമായ ദൈവനാമങ്ങളാണ്. സജ്ജനത്തേയും ദുര്‍ജനത്തേയും അവന്‍ ഈ ലോകത്ത് ഒരുപോലെ പരിപാലിക്കുന്നു. അല്ലാഹുവിനെ നിഷേധിക്കുകയും ധിക്കരിക്കുകയും ചെയ്യുന്നവര്‍ക്കുപോലും ജീവിതവിഭവങ്ങള്‍ ചൊരിഞ്ഞു കൊടുക്കുന്നു. എന്നാല്‍ സജ്ജനത്തെ അവന്‍ പരലോകത്ത് പ്രത്യേകം അനുഗ്രഹിക്കുന്നു.

അല്ലാഹുവിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങളഖിലം നീതിയിലധിഷ്ഠിതമാണ്. അവന്‍ സ്വയം നീതി പ്രവര്‍ത്തിക്കുകയും പ്രപഞ്ചത്തില്‍ നീതിസ്ഥാപിക്കുകയും ചെയ്യുന്നു. തന്റെ ശാസനകള്‍ അനുസരിച്ച് ന്യായമായ കര്‍മഫലം നല്‍കുന്നു. ശിഷ്ടജനത്തെ രക്ഷിക്കുകയും ദുഷ്ടജനത്തെ ശിക്ഷിക്കുകയും ചെയ്യുക അല്ലാഹുവിന്റെ നീതിനിഷ്ഠയുടെ അനിവാര്യതാല്‍പര്യമാകുന്നു.

പ്രപഞ്ചത്തിന്റെ സ്രഷ്ടാവും ഉടമയും പരമാധികാരിയുമെന്ന നിലയില്‍ അല്ലാഹു മാത്രമാണ് സകല സൃഷ്ടികളുടേയും സ്തുതി സ്തോത്രങ്ങളും ആരാധനയും അര്‍ഹിക്കുന്നവന്‍. അവനല്ലാത്ത യാതൊരസ്തിത്വവും ആരാധനക്കര്‍ഹമല്ല. ഒക്കെയും അവന്റെ സൃഷ്ടികളും അടിമകളും മാത്രമാകുന്നു. എല്ലാവരും അവനെ മാത്രം ആരാധിക്കാനും വഴിപ്പെടാനും കടപ്പെട്ടിരിക്കുന്നു.

മുകളില്‍പ്പറഞ്ഞപ്രകാരമുള്ള ഏകനും അഖണ്ഡനും അവിഭാജ്യനും സ്രഷ്ടാവും ഉടമയും പരമാധികാരിയും പരമകാരുണികനും നീതിനിഷ്ഠനുമായ അസ്തിത്വത്തെ അല്ലാഹു-സത്യദൈവം-ആയി അംഗീകരിക്കുകയും, അവനെമാത്രം വഴിപ്പെടുകയും പ്രാര്‍ത്ഥിക്കുകയും അവനല്ലാത്ത സകല അസ്ഥിത്വങ്ങള്‍ക്കുമുള്ള ആരാധനയും വഴിപ്പെടലും നിഷേധിക്കുകയുമാണ് ഇസ്ലാമിലെ തൌഹീദ്-ഏകദൈവ വിശ്വാസം. അല്ലാഹുവിന് ഏതെങ്കിലും തരത്തിലുള്ള ബഹുത്വം അല്ലെങ്കില്‍ അവന്റേതുമാത്രമായ ഗുണങ്ങളിലും അധികാരാവകാശങ്ങളിലും മറ്റാര്‍ക്കെങ്കിലും പങ്കാളിത്തം ആരോപിക്കലും അവര്‍ക്ക് ആരാധനയും അടിമത്തവും അര്‍പ്പിക്കലും ബഹുദൈവത്വം-ആകുന്നു. മാപ്പര്‍ഹിക്കാത്ത അധര്‍മവും കടുത്ത ദൈവനിന്ദയും കൊടിയ തിന്മകളുടെ ഉറവിടവുമാണിത്

ജീവിതം പൂര്‍ണമായി അല്ലാഹുവിന് സമര്‍പ്പിച്ച് അവനെമാത്രം വഴിപ്പെട്ട് ജീവിക്കലാണ് ഇസ്ലാം. മുഴു ജീവിത മേഖലകളിലേക്കും ആവശ്യമായ ജീവിത മാര്‍ഗം അല്ലാഹു കാണിച്ചു തന്നിരിക്കുന്നു. ആ ജീവിത ക്രമത്തിനും ഇസ്ലാമെന്ന് തന്നെയാണ് പറയുക.

വിധി വിശ്വാസം

സര്‍വലോകങ്ങളിലും നടക്കുന്ന സൃഷ്ടി-സ്ഥിതി സംഹാരങ്ങളഖിലം അല്ലാഹു നിശ്ചയിച്ച നിയമങ്ങളും വ്യവസ്ഥകളുമനുസരിച്ച് അവന്റെ അറിവോടെ മാത്രം നടക്കുന്നു. പ്രപഞ്ചത്തില്‍ നടക്കുന്ന ഒരു പുല്‍ക്കൊടിയുടെ അനക്കം പോലും അവന്റെ അറിവിനും ഇഛക്കും അതീതമല്ല. പ്രപഞ്ചത്തില്‍ ഒരില വീഴുന്നുപോലുമില്ല; അത് അവന്‍ അറിഞ്ഞിട്ടല്ലാതെ. (ഖുര്‍ആന്‍. 6:59) കാരണം, പ്രപഞ്ചത്തിലെ ഓരോ അണുവിന്റെയും സൃഷ്ടാവും ഉടമയും നിയന്താവുമാണവന്‍. അവന്റെ അറിവിനും ഇഛക്കും അതീതമായി വല്ലതും സംഭവിക്കുകയെന്നാല്‍-അതെത്ര നിസ്സാരമായിരുന്നാലും ശരി--പ്രപഞ്ചത്തിന്മേലുള്ള അവന്റെ ഉടമസ്ഥതയും നിയന്ത്രണവും സമ്പൂര്‍ണമല്ല എന്നാണര്‍ഥം. സൃഷ്ടി പ്രപഞ്ചത്തെ സമ്പൂര്‍ണമായി ചൂഴ്ന്ന് നില്‍ക്കുന്ന നിതാന്തവും സക്രിയവുമായ അധികാരത്തിന്റെയും വിധികര്‍ത്തൃത്വത്തിന്റെയും അനിവാര്യതയാകുന്നു പ്രപഞ്ചത്തില്‍ സംഭവിക്കുന്നതെന്തും-അതു നല്ലതാവട്ടെ, ചീത്തയാവട്ടെ-അവന്റെ വിധിക്കു വിധേയമായിരിക്കുക എന്നത്.

ഈ വിധിവ്യവസ്ഥ തന്നെയാണ് ഒരര്‍ഥത്തില്‍ പ്രകൃതി നിയമം. തീക്ക് ചൂട്,മഞ്ഞിനു തണുപ്പ്,കണ്ണിനു കാഴ്ച, ഭൂമിക്ക് ആകര്‍ഷണ ശക്തി തുടങ്ങിയവയൊക്കെ ദൈവത്തിന്റെ വിധികളാകുന്നു. അവയെ പ്രകൃതി എന്നു വിളിക്കുമ്പോള്‍ അവക്കു പിന്നിലുള്ള സക്രിയവും ജാഗ്രത്തുമായ വിധാതാവിനെ ഉദ്ദേശിക്കാറില്ലെന്നു മാത്രം. അന്ധവും അബോധവുമായ ശക്തിയായിട്ടാണല്ലോ പ്രകൃതി കണക്കാക്കപ്പെടുന്നത്. പ്രകൃതിയുടെ ഓരോ കണികയുടെയും,ഓരോ സ്പന്ദനത്തിന്റെയും പിന്നില്‍ സുശക്തവും സര്‍വജ്ഞവും സബോധവുമായ ഒരു വിധാതവുണ്ട് എന്ന യാഥാര്‍ഥ്യത്തെക്കൂടി ഉള്‍ക്കൊള്ളുന്നതാണ് വിധിവ്യവസ്ഥ എന്ന പ്രയോഗം.
വിധി വ്യവസ്ഥ അഥവാ പ്രപഞ്ചത്തിന്‍മേലുള്ള അല്ലാഹുവിന്റെ അധികാരവും അറിവും മനുഷ്യന്റെ പ്രവര്‍ത്തന സ്വാതന്ത്യ്രത്തില്‍ ഇടപെടുന്നില്ല."ഓരോ മനുഷ്യന്റെയും ഭാഗധേയം നാം അവന്റെ കഴുത്തില്‍ തന്നെ ബന്ധിച്ചിരിക്കുന്നു''(ഖുര്‍ആന്‍ 17:13)."ഓരോരുത്തരും തങ്ങളുടെ മാര്‍ഗത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ആരാണ് സന്‍മാര്‍ഗസ്ഥരെന്ന് നിന്റെ നാഥന് നന്നായറിയാം''(17:84)."നിശ്ചയം,അല്ലാഹു മനുഷ്യരോട് അല്‍പം പോലും അനീതി ചെയ്യുന്നതല്ല. പക്ഷേ മനുഷ്യന്‍ അവരോടു തന്നെ അക്രമം ചെയ്യുന്നു എന്നതത്രെ യാഥാര്‍ഥ്യം''(10:44) തീക്ക് ചൂടുണ്ടാവുക എന്നതും അതില്‍ പതിക്കുന്ന വസ്തു കരിഞ്ഞു പോവുക എന്നതും വിധിയാണ്. മനുഷ്യനാണ് തീയില്‍ ചാടുന്നതെങ്കില്‍ വെന്തുമരിക്കുക എന്നതും വിധിയുടെ ഭാഗം തന്നെ. ആരൊക്കെ,എന്തൊക്കെ എങ്ങനെയൊക്കെ തീയില്‍ പതിക്കുമെന്നും കത്തിച്ചാമ്പലാകുമെന്നുമുള്ള അറിവ് അല്ലാഹുവിന്റെ ജ്ഞാനത്തിന്റെ ഭാഗമാകുന്നു. പക്ഷേ,ഒരാളെ അഗ്നികുണ്ഡത്തില്‍ ചാടിക്കുന്നത് അല്ലാഹുവിന്റെ ഈ വിധിയും അറിവുമല്ല. അത് അയാള്‍ സ്വയം എടുത്ത തീരുമാനമാണ്. തീയില്‍ ചാടി പൊള്ളലേറ്റവന്‍, തീക്കു ചൂടുണ്ടാവുക,അതില്‍ പതിച്ചവര്‍ക്ക് പൊള്ളലേല്‍ക്കുക തുടങ്ങിയ പ്രകൃതി നിയമങ്ങളെ ആക്ഷേപിക്കുന്നതിലര്‍ഥമില്ല. അതു പോലെ നിരര്‍ഥകമാണ് വിധിയെ പഴിക്കുന്നതും. ദൈവത്തിന്റെ ഇഛയോ അറിവോ മനുഷ്യനെ യാതൊന്നിനും നിര്‍ബന്ധിക്കുന്നില്ല. മനുഷ്യന്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സ്വന്തം ഇഛയനുസരിച്ചും സ്വതന്ത്രമായ തീരുമാനമനുസരിച്ചുമാകുന്നു.സ്വതന്ത്രമായി അനുഷ്ടിച്ച കര്‍മങ്ങളുടെ ഉത്തരവാദിത്വം അനിവാര്യമായും അതിന്റെ കര്‍ത്താവിനുണ്ട്. ആ ഉത്തരവാദിത്വത്തിന്റെ പേരിലാണ് പരലോകത്ത് മനുഷ്യകര്‍മങ്ങള്‍ വിചാരണക്കും രക്ഷാ ശിക്ഷകള്‍ക്കും വിധേയമാക്കപ്പെടുന്നത്.

http://islammalayalam.net/islam/daivam.html

islam malayalam

http://islammalayalam.net/general/news.html

2010 ജൂൺ 11, വെള്ളിയാഴ്‌ച

യാ അല്ലാഹ്!

യാ അല്ലാഹ്!
ബാല്യകാലം മുതൽ
ഓർമയുടെ ആദ്യ നിമിഷം മുതൽ
ഇന്നുവരെ, ജീവിതം
ചുട്ടുപഴുത്ത മരുഭൂവായിരുന്നു.
ചുവന്ന അസ്തമയ സൂര്യൻ,
എന്റെയൊപ്പം
പുലരി മുതൽ സഞ്ചരിച്ചു.
സന്ധ്യയായി.
സൂര്യനെ കാണുന്നില്ല
വിദൂരത്തൊരു ശശികല
മണൽ തണുത്തു.
മണലിൽ ആഞ്ഞു വീശിയ കാറ്റ്,
നിലംപതിച്ച ശിരോവസ്ത്രം പോലെ
ചലനമറ്റു കിടക്കുന്നു.
എന്റെ ധമനികളിൽ വീണ്ടും
രക്തപ്രവാഹം തുടങ്ങി.
കനമുള്ള മാറാപ്പുകൾ
പാടെ ഉപേക്ഷിച്ച്
ഞാൻ ചിരിക്കുന്നു.
മരുപ്പച്ച യിലേക്കുള്ള പ്രയാണം.
ഈന്തപ്പനകളും
ജലാശയങ്ങളും
നിറഞ്ഞ മരുപ്പച്ച.
അതല്ലേ അല്ലാഹുവിന്റെ ഗൃഹം?
അതല്ലേ സ്നേഹ സാമ്രാജ്യം?
ദാഹങ്ങൾ അവിടെ ശമിക്കുന്നു,
തീരാമോഹങ്ങൾ മായുന്നു,
അല്ലാഹുവിന്റെ മരുപ്പച്ച.
എനിക്ക് അഭയം തന്ന മരുപ്പച്ച.
---
അന്തരിച്ച പ്രശസ്ത്ര കവയിത്രി കമലാ സുരയ്യ യുടെ 'യാ അല്ലാഹ്' എന്ന കവിതാ സമാഹാരത്തിൽ നിന്ന്.
പൊലിഞ്ഞു പോയ ആ സ്നേഹ നക്ഷത്രത്തിന്റെ പാവന സ്മരണ പുതുക്കാൻ ഇതുപകരിക്കുമെങ്കിൽ!
വർഷങ്ങൾക്കു മുമ്പ് കൊച്ചിയിലെ കടവന്ത്രയിലെ ഫ്ലാറ്റിൽ ഒരിക്കൽ കാണാൻ ചെന്നപ്പോൾ സ്നേഹപൂർവ്വം സ്വീകരിച്ചിരുത്തി ഒരുപാട് സംസാരിച്ചു. ഒരു വല്ല്യമ്മയുടെ സ്നേഹം പകർന്നു കിട്ടിയ അനുഭൂതി. എല്ലാവരും മക്കളും പേരമക്കളുമായിരുന്നു ആ സ്നേഹനിധിക്ക്. ആ മനസ്സിന്റെ നിഷ്ക്കളങ്കത ഒരു പക്ഷെ ഒരു കൊച്ചു കുട്ടിയുടേതിനേക്കാൾ നിർമ്മലമായിരുന്നു.
അല്ലാഹുവുമായി ഇത്രത്തോളം ഹൃദയ ഭാഷണം നടത്തിയ ഒരു പ്രണയിനി ഇനി ലോകത്തുണ്ടാകുമോ?