പാട്ട് കേള്‍ക്കാം

To listen you must install Flash Player.

2009 ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

റമദാന് സ്വാഗതം

"പുണ്യങ്ങളുടെ പൂക്കാലം" എന്നാണ് റമദാ൯ മാസം അറിയപ്പെടുന്നത്. വ്രതാനുഷ്ടാനമാണ് ഈ മാസത്തിലെ പ്രത്യേകത. ലോകത്തെമ്പാടുമുള്ള മുസ്ലിംകള്‍ ഈ മാസത്തില്‍ നോമ്പനുഷ്ടിക്കുന്നു. പകല്‍ സമയം അന്ന പാനീയങ്ങളില്‍ നിന്നും ദമ്പതികള്‍ ശാരീരിക ബന്ധത്തില്‍ നിന്നും നിന്ന് അകന്നു നില്കുന്നു. പുലര്‍ച്ചെ സുബഹി ബാങ്കോട് കൂടി തുടങ്ങുന്ന നോമ്പ് വൈകുന്നേരം മഗ്രിബ് ബാങ്കോടുകൂടി അവസാനിക്കുന്നു. ഇസ്ലാം മത വിശ്വാസികള്‍ സല്കര്‍മ്മങ്ങളിലൂടെ പുണ്യങ്ങള്‍ വാരിക്കൂട്ടുന്ന മാസമാണ് റമദാ൯. മതപരമായ ഭാഷയില്‍ പറഞ്ഞാല്‍ പിശാചുക്കളെ ചങ്ങലക്കിടുന്ന മാസം. തെറ്റാണെന്ന് തോന്നുന്ന ചെറിയ കാര്യങ്ങളില്‍ നിന്ന് പോലും പൊതുവേ വിശ്വാസികള്‍ വിട്ടു നില്കുന്നു. ഈ മാസത്തിന്റെ പവിത്രത മാനിച്ചാണ് അങ്ങനെ ചെയ്യുന്നത്. തെറ്റായും വാക്കും പ്രവര്‍ത്തിയും അവര്‍ വെടിയുന്നു. കളി തമാശകളില്‍ നിന്നും അകന്നു നില്കുന്നു. എന്താണ് റമദാ൯ മാസത്തിനു ഇത്രയേറെ പവിത്രത കൈവരാന്‍ കാരണം? സ്വാഭാവികമായ ഒരു ചോദ്യം തന്നെ. ഉത്തരം ഇങ്ങനെ. ലോകത്തെമ്പാടുമുള്ള മനുഷ്യര്‍ക്ക്‌ മാര്‍ഗദര്‍ശകമായി വിശുദ്ധ ഖു൪ആ൯ അവതരിപ്പിക്കപെട്ട മാസം കൂടിയാണ് റമദാ൯. ആയിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് അറേബ്യയിലെ ജനശൂന്യമായ ഒരു പ്രദേശത്ത് "ഹിറ" എന്ന മലക്ക് മുകളില്‍ ധ്യാന നിരതനായി ഇരിക്കുകയായിരുന്ന മുഹമ്മദിന് മുമ്പാകെ "ജിബ്രീല്‍' എന്ന ദൈവ ദൂതന്‍ (മാലാഖ) പ്രത്യക്ഷപ്പെടുകയും, "വായിക്കുക, നിന്നെ സൃഷ്‌ടിച്ച നിന്റെ ദൈവത്തിന്റെ നാമത്തില്‍ വായിക്കുക.." എന്ന ഖു൪ആനിലെ ഏതാനും സൂക്തങ്ങള്‍ അവതരിക്കുകയും ചെയ്തു. മക്കയിലെ കൊച്ചു സമൂഹത്തിന്നിടയില്‍ വിശ്വസ്തതക്കും സ്വഭാവ വിശുദ്ധിക്കും പേരുകേട്ട അതുല്യ വ്യക്തിത്വമായിരുന്നു മുഹമ്മദിന്റെത്. ആയതിനാല്‍ മക്ക നിവാസികള്‍ മുഹമ്മദിനെ "അല്‍ അമീന്‍" (വിശ്വസ്തന്‍) എന്ന അപര നാമത്തിലായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. അറേബ്യന്‍ സമൂഹത്തില്‍ നടമാടിയിരുന്ന സാമൂഹ്യ തിന്മകളില്‍ മനം നൊന്തു അവരെ നേര്‍ വഴിക്ക് നയിക്കാന്‍ വഴി തേടുകയായിരുന്ന മുഹമ്മദിനെ അക്ഷരാര്‍ത്ഥത്തില്‍ പ്രപഞ്ച സ്രഷ്ടാവായ ദൈവം തന്റെ ദൂതനായി തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്നങ്ങോട്ടുള്ള ഇരുപത്തി മൂന്നു വര്‍ഷക്കാലം മുഹമ്മദ്‌ നബി (സ) മക്കയിലും മദീനയിലും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും ഏക ദൈവ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു. ധാരാളം പേര്‍ ആ വിശുദ്ധ സന്ദേശത്തില്‍ ആകൃഷ്ടരായി ജീവിത വിശുദ്ധി കൈവരിച്ചു. അതിലേറെ പേര്‍ എതിര്‍പ്പുമായി രംഗത്ത് വന്നു. എന്നാല്‍ കേവലം ഇരുപത്തി മൂന്നു വര്‍ഷക്കാലം കൊണ്ട് അറേബ്യ ഇസ്ലാമിന്റെ സമധാന സന്ദേശത്തിലേക്ക് തിരിച്ചു വന്നു.

റമദാ൯ ഖുര്‍ആനിന്റെ ഒരു വാര്‍ഷികം കൂടിയാണ്. ആയതിനാല്‍ റമദാനില്‍ വിശ്വാസികള്‍ വിശുദ്ധ ഖുര്‍ആന്‍ ധാരാളം പാരായണം ചെയ്യുന്നു. 114 അധ്യായങ്ങളും 604 പേജുകളും ഉള്ള ഖുര്‍ആന്‍ റമദാനില്‍ ഒരു തവണയെങ്കിലും പൂര്‍ണമായും പാരായണം ചെയ്യണമെന്നതാണ് ഓരോ വിശ്വാസികളുടെയും ആഗ്രഹം. ചിലര്‍ രണ്ടും മൂന്നും തവണ പൂര്‍ത്തിയാക്കുന്നു. അ൪ത്ഥസഹിതമാകുമ്പോള്‍ അതില്‍ പ്രയോജനം ഏറെയുണ്ട്. റമദാനില്‍ പള്ളികള്‍ നിറഞ്ഞു കവിയുന്നു. ദിവസത്തില്‍ അഞ്ചു തവണ നമസ്കരിക്കാത്തവര്‍ പോലും റമദാനില്‍ കൃത്യതയോടെ അത് ചെയ്യുന്നതായി കാണുന്നു.

രാത്രി കാലങ്ങളില്‍ പള്ളിയില്‍ നടക്കുന്ന പ്രത്യേക ദീര്‍ഘ നേര നമസ്കാരമാണ് (തറാവീഹ്) റമദാനിലെ ഒരു സവിശേഷത. സ്ത്രീകളും കുട്ടികളും അടക്കം ഈ 'തറാവീഹ്' നമസ്കാരത്തില്‍ പങ്കു കൊള്ളുന്നു. കഴിഞ്ഞു പോയ പാപങ്ങള്‍ അശേഷം പൊറുക്കപ്പെടുമെന്നത് ഈ 'തറാവീഹ്' നമസ്കാരത്തിന്റെ പ്രത്യേകത കൂടിയാണ്. ആയതിനാല്‍ ഈ വിശിഷ്ട നമസ്കാരത്തിനായി എല്ലാവരും പള്ളികളില്‍ നേരത്തെ എത്തി ചേരുന്നു.

നോമ്പ് തുറകളാണ് റമദാനിലെ മറ്റൊരു ആകര്‍ഷണീയമായ കാഴ്ച. വ്യക്തികളും കുടുംബങ്ങളും പരസ്പരം നോമ്പ് തുറപ്പിക്കുന്നു. മത ജാതി വ്യത്യാസമില്ലാതെ ധാരാളം ആളുകള്‍ നോമ്പ് തുറകളില്‍ പങ്കെടുക്കുന്നു. അബൂദാബിയില്‍ ജോലി ചെയ്യവേ ഓഫീസിലെ മറ്റു മതസ്ഥരായ ഒരു പാട് സുഹൃത്തുക്കളെ നോമ്പ് തുറപ്പിച്ചത് ഇത്തരുണത്തില്‍ ഓര്‍ക്കുകയാണ്. മത വിശ്വാസികള്‍ തമ്മിലുള്ള പരസ്പര ബന്ധം ഊട്ടിയുറപ്പിക്കാന്‍ റമദാനിലെ നോമ്പ് തുറകള്‍ വേദിയാകാറുണ്ട്. അത് തന്നെയാണ് വിശ്വാസം വഴി നമുക്കുണ്ടാവേണ്ടതും.

സകാത്ത്‌ സംഭരണവും വിതരണവും റമദാനില്‍ നടക്കുന്ന മറ്റൊരു പുണ്യ പ്രവര്‍ത്തിയാണ്. സമ്പന്നരില്‍ നിന്നും പാവപ്പെട്ടവനിലേക് ഒഴുകേണ്ട ധനമാണ് സകാത്ത്‌. ഇസ്ലാം അത് നിര്‍ബന്ധമാക്കിയിരിക്കുന്നു. ഒരാള്‍ക്ക് തന്റെ അടിസ്ഥാനാവശ്യങ്ങള്‍ കഴിച്ചു മിച്ചം വരുന്ന സംഖ്യ 85 ഗ്രാം സ്വര്‍ണത്തിന് തുല്യമായ തുകയുണ്ടെങ്കില്‍ അയാള്‍ അതിന്റെ 2.5 ശതമാനം സകാത്ത്‌ കൊടുത്തിരിക്കണം. എങ്കിലേ അയാളുടെ സമ്പത്ത്‌ ശുദ്ധീകരിക്കപ്പെടുകയുള്ളൂ. അതായതു പാവപ്പെട്ടവന്റെ അവകാശം അയാളുടെ ധനത്തില്‍ കലര്‍ന്നിരിക്കുന്നിടത്തോളം അത് മലിനപ്പെട്ടിരിക്കും. എത്രയും വേഗം അത് കൊടുത്തു വീട്ടുകയാണ് വേണ്ടത്.

റമദാനിലെ മുപ്പതു ദിവസങ്ങളെ (ചിലപ്പോള്‍ 29) മൂന്നായി ഭാഗിച്ചിരിക്കുന്നു. ആദ്യ പത്ത് കാരുണ്യതിന്റെത്, രണ്ടാമത്തെ പത്ത് പാപ മോചനത്തിന്റെത് അവസാന പത്ത് നരക ശിക്ഷയില്‍ നിന്നുള്ള മോചനത്തിന്റെത്. ഓരോ പത്തിലും പ്രത്യേക പ്രാര്‍ഥനകള്‍ പഠിപ്പിക്കപ്പെട്ടിരിക്കുന്നു.

റമദാനിന്റെ പരിസമാപ്തി കുറിച്ച് കൊണ്ടുള്ള ആഘോഷമാണ് ഈദ്-ഉല്ഫിതര്അഥവാ ചെറിയ പെരുന്നാള്‍. പെരുന്നാളില് പുതു വസ്ത്രങ്ങളണിഞ്ഞു കൊച്ചു കുട്ടികള്പൂംപാറ്റകളെ പോലെ പാറി നടക്കുന്നത് കൌതുകമുള്ള കാഴ്ച തന്നെയാണ്. പ്രവാസികളായ നമുക്ക് നഷ്ടപ്പെടുന്നതും ഇത്തരം സന്തോഷത്തിന്റെ അനിര്വചനീയമായ നിമിഷങ്ങളാണ്.

നമ്മുടെ വാതില്‍പടിയിലെത്തി നില്‍കുന്ന പരിശുദ്ധ റമദാനെ നമുക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യാം. റമദാനിന്റെ പൂര്‍ണ ചൈതന്യം ലഭിക്കുന്ന സൌഭാഗ്യവാന്മാരില്‍ ഉള്‍പ്പെടാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. മത ജാതി ഭേദമന്യേ സുഹൃത്തുക്കളെ നോമ്പ് തുറയിലേക്ക് ക്ഷണിക്കുക. സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും പൂക്കാലം കൂടിയാകട്ടെ റമദാന്‍.

അഭിപ്രായങ്ങളൊന്നുമില്ല: