ഇബ്നുസീന എന്ന അത്യപൂര്‍വ വൈദ്യശാസ്ത്ര പ്രതിഭയുടെ സുന്ദര നാമം ഏറെ പേര്‍ക്കൊന്നും അറിഞ്ഞിരിക്കാന്‍ വഴിയില്ല. പാശ്ചാത്യ ലോകം ആ പേരിനെ "അവിസെന്ന" എന്നാണ് പ്രചരിപ്പിച്ചത്. അറബിയിലെ ഇബ്നുസീന എന്ന പേരിന്റെ ഹീബ്രു തത്ഭാവമാണ് "അവിന്സീന" എന്നത്. അത് പിന്നീട് ലാറ്റിന്‍ ഭാഷയില്‍ "അവിസെന്ന" യായി മാറി. 'ബുഖാറ' യില്‍ (അന്ന് ഇറാന്റെ ഭാഗവും ഇന്ന് ഉസ്ബെകിസ്ഥാന് പ്രദേശവും ) A.D 980 ലാണ് ഇബ്നുസീന ജനിച്ചത്. അഫ്ഘാനിസ്ഥാനിലെ ഉള് പ്രദേശമായ ബല്ഖ്ല് നിന്നാണ് അദ്ധേഹത്തിന്റെ പിതാവ് അബ്ദുള്ള ബുഖാറയില്‍ എത്തിയത്. മാതാവ് പേര്‍ഷ്യക്കാരിയായ സിതാര. കൊച്ചു പ്രായത്തില്‍ തന്നെ ഒരസാധാരണ പ്രതിഭയായിരുന്നു ഇബ്നുസീന. പത്താം വയസില്‍ ഖുറാന് പൂര്‍ണമായും ഹൃദിസ്തമാകിയ ആ ബാലന് പതിനാറാമത്തെ വയസില്‍ വൈദ്യ ശാസ്ത്രത്തിലും പ്രാവീണ്യം നേടി. വൈദ്യ ശാസ്ത്രം ആ ബാലന് എളുപ്പം വഴങ്ങി. ഇബ്നുസീന യുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ അധ്യാപകര്‍ പതറിപ്പോയിരുന്നു. ഒടുവില്‍ ശിഷ്യനില്‍ നിന്ന് പല കാര്യങ്ങളും പഠിക്കേണ്ട 'ഗതികേടും' അവര്‍ക്കുണ്ടായി. ത്രിയേക സിദ്ധാന്തത്തിന്റെ ഏറ്റവും വലിയ വക്താവായ ലെ ക്ലാര്‍ക്ക് എന്ന ക്രിസ്ത്യന്‍ പണ്ഡിതന് ഇബ്നുസീന യെ കുറിച്ച് പറയുന്നതിങ്ങനെ: "അദ്ദേഹം ബുദ്ധിയുടെ ഒരു അസാധാരണ പ്രതിഭാസമാണ്. ഇത്രമാത്രം പ്രതിഭയും ചടുലതയും പരപ്പും കലര്‍ന്ന ഒരു ധിഷണ ഇത്രയും അസാധാരണവും അശ്രാന്തവുമായ പ്രയത്നത്തില്‍ പ്രസരിച്ചു നിന്നത് പോലെ ഒരു ഉദാഹരണം ചരിതത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ല."
"വൈദ്യന്മാരുടെ രാജകുമാരന്" എന്നത് അദ്ധേഹത്തിന്റെ അപര നാമങ്ങളില്‍ ഒന്ന് മാത്രം. ബുഖാറയിലെ സുല്‍ത്താന്‍ നൂഹ് രണ്ടാമന് ഇബ്നു മന്‍സൂര്‍ ഗുരുതരമായ രോഗം ബാധിച്ചു കിടപ്പിലായി. രാജ്യത്തെ വിദഗ്ധരായ ഭിഷഗ്വരന്മാര് പരാജയപ്പെട്ടു. ഇബ്നുസീനയുടെ കഴിവുകള്‍ കേട്ടറിഞ്ഞ കൊട്ടാര വൈദ്യന്മാര് സുല്‍ത്താന്‍ ഇബ്നു മന്‍സൂറിനെ കാര്യം ധരിപ്പിച്ചു. നാടിനെ അത്ഭുതപ്പെടുത്തി കൊണ്ട് ഇബ്നുസീനയുടെ ചികിത്സയാല്‍ സുല്‍ത്താന്റെ രോഗം ഭേദമായി. എന്തും പ്രതിഫലമായി നല്കാന് തുനിഞ്ഞ സുല്ത്താന്ഓടു അദ്ധേഹത്തിന്റെ ഗ്രന്ഥപ്പുരയില്‍ പ്രവേശിക്കാനുള്ള അനുവാദം മാത്രമാണ് ഇബ്നുസീന ചോദിച്ചത്. അപൂര്‍വ ഗ്രന്ഥങ്ങളുടെ ശേഖര മുണ്ടായിരുന്ന ആ ഗ്രന്ഥപ്പുരയില്‍ പ്രവേശിക്കാന്‍ ലഭിച്ച അവസരം ഇബ്നുസീനയുടെ ജീവിതത്തിലെ നാഴിക കല്ലായി. ഇബ്നു സീന പിന്നീട് രചിച്ച "ഖാനൂന്‍" എന്ന ഗ്രന്ഥം വൈദ്യ ശാസ്ത്ര രംഗത്തെ ക്ലാസ്സിക് ആയി അറിയപ്പെടുന്നു. നാനൂറോളം ഗ്രന്ഥങ്ങള്‍ ഇബ്നുസീനയുടെ തൂലികയില്‍നിന്നു പിറന്നു വീണിട്ടുണ്ട്. വൈദ്യ ശാസ്ത്രവും തത്വ ചിന്തയുമായിരുന്നു ഏറെ താല്പര്യമുള്ള വിഷയങ്ങള്‍.
മറ്റൊരു സംഭവം ഇങ്ങനെ. കൈകള്‍ക്ക് തളര്‍വാദം പിടിപെട്ട ഒരു യുവതിയെ ഇബ്നുസീനയുടെ അടുത്ത് കൊണ്ടുവന്നു പരിശോധനയ്ക്ക് വിധേയമാക്കി. ഔഷധങ്ങള്‍ ആവശ്യമില്ലെന്ന നിഗമനത്തില്‍ ഇബ്നുസീന യുവതിയെ ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന വലിയ സദസ്സിനു മുമ്പില്‍ ഹാജരാക്കി. യാതൊരു മുന്നറിയിപ്പുമില്ലാതെ അദ്ദേഹം ആ യുവതിയുടെ ശിരോവസ്ത്രം വലിച്ചു മാറ്റി. പെണ്‍കുട്ടിയെ അപമാനിച്ചെന്ന മട്ടില്‍ സദസ്സ് രോഷം കൊള്ളവേ ചൂളിപ്പോയ പെണ്‍കുട്ടി പൊടുന്നനെ കൈകള്‍ ഉയര്‍ത്തി വസ്ത്രം താഴ്ത്തി! പെണ്‍കുട്ടിയുടെ നിശ്ചലമായിരുന്ന കൈകള്‍ ചലിച്ചത് കണ്ട സദസ്സിന്റെ രോഷം ഇബ്നുസീനയോടുള്ള ആദരവായി മാറി! മനസ്സിനെ പരിഗണിച്ചു കൊണ്ടുള്ള ഈ വൈകാരിക ചികിത്സാ രീതി ആധുനിക ഭിഷഗ്വരന്മാര് ഈ അടുത്ത കാലത്താണ് ചിന്തിച്ചു തുടങ്ങിയതെന്നോര്ക്കുമ്പോള് ഇബ്നുസീനയുടെ നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള ക്രാന്തദര്‍ശിത്വം ഏറെ പ്രസക്തിയുള്ളതാവുന്നു. ശാസ്ത്രഞ്ജന്‍, തത്വജ്ഞാനി, സംഗീതന്ജന്‍, ഗണിത ശാസ്ത്ര നിപുണന്, രാഷ്ട്ര മീമാംസകന്, കവി, സംസ്കാര നായകന്, വൈദ്യന്, സര്‍വശാസ്ത്ര വല്ലഭന് എന്നൊക്കെയാണ് ചരിത്രം അദ്ധേഹത്തെ വിശേഷിപ്പിക്കുന്നത്.
ചരിത്രത്തില്‍ ഏറെ അവഗണിക്കപെട്ട ഈ മഹാ പ്രതിഭയുടെ ജീവിതത്തില്‍ നിന്ന് ആധുനിക ഭിഷഗ്വരന്മാര് എക്കാലവും പ്രചോദനം ഉള്‍കൊള്ളുമെന്നു നമുക്ക് പ്രതീക്ഷിക്കാം.
1 അഭിപ്രായം:
നല്ല ശ്രമം
സര്‍വ്വ ഭാവുകങ്ങളും.
അഗ്രഗേറ്ററിലൊന്നും വരുന്നില്ലല്ലോ. പുതിയ പോസ്റ്റുകള്‍ ചിന്തയില്‍ ലിസ്റ്റ് ചെയ്യാന്‍ പോളിനൊരു മെയില്‍ അയച്ചാല്‍ മതി.(paul@chintha.com)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ